‘ തമിഴ് ജനതയുടെ സിനിമാ പ്രേമമാണിതിനു പിന്നിൽ ‘ തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ടിവികെയുടെ വിജയത്തെ പറ്റി നടൻ പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണിത് . പലരും ഇതിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിച്ചെങ്കിലും ഈ വാക്കുകളിലെ സത്യാവസ്ഥ തള്ളിക്കളയാനാകില്ല . സിനിമയും, രാഷ്ട്രീയവും ഒരു പോലെ ഇഴുകി ചേർന്ന മണ്ണും, മനസുമാണ് തമിഴന്റേത് . ഒന്നിൽ നിന്ന് മറ്റൊന്നിനെ വേറിട്ട് നിർത്താനാകില്ല . മലയാളിയായ എം ജി ആർ മുതൽ ക്യാപ്റ്റൻ വരെ വാണ മണ്ണ് , എന്നാൽ ഉലകനായകനെയും, സ്റ്റൈൽ മന്നനെയും കൈ വിട്ടു , ഇപ്പോഴിതാ വിജയിലൂടെ സിനിമ ലോകം വീണ്ടും അധികാരത്തിന്റെ ഇടനാഴിയിലേയ്ക്ക്.
തമിഴകത്തിന്റെ പുരട്ചി തലൈവർ അതായിരുന്നു മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന എം.ജി.ആർ. ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയുമായുള്ള അടുപ്പത്തിലൂടെയായിരുന്നു രാഷ്ടീയപ്രവേശം. ഡി.എം.കെ.യുടെ ജനകീയ മുഖമായി എം.ജി.ആർ മാറാൻ എറെക്കാലം വേണ്ടിവന്നില്ല. 1962-ൽ നിയമസഭ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എം.ജി. ആർ. 1967-ൽ വൻ ഭൂരിപക്ഷ ത്തോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969- ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് എം.കരുണാനിധി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോൾ പാർട്ടി ട്രഷറർ സ്ഥാനം എം.ജി.ആർ. ഏറ്റെടുത്തു.
1
972-ൽ കരുണാനിധി മകൻ എം.കെ.മുത്തുവിനെ തൻെറ രാഷ്ട്രീയ പിൻഗാമിയാക്കി വളർത്തിയെടുക്കാൻ ശ്രമം നടത്തി. ഇക്കാര്യം തിരിച്ചറിഞ്ഞ എം.ജി.ആർ. ഡി.എം. കെ.യിൽ നടന്ന അഴിമതിയെ എതിർത്ത് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ഡി.എം. കെ.യുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തണമെന്നു എം.ജി.ആർ. ആവശ്യപ്പെട്ടു. ഇതിൽ രോഷം കൊണ്ട് ഡി.എം.കെ. നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
1972-ൽ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം (എ.ഡി.എം. കെ.) രൂപവത്കരിച്ച എം.ജി. ആർ. പിന്നീട് പാർട്ടിയുടെ പേര് ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമെന്നാക്കി മാറ്റി. 1972 മുതൽ 1977 വരെ പാർട്ടിയെ ജനകീയമാക്കുന്നതിൽ ശ്രദ്ധിച്ച എം.ജി.ആർ, 1974- ൽ പുറത്തിങ്ങിയ ‘നേറ്റു ഇൻട്ര നാളൈ’, 1975-ൽ പുറത്തിറങ്ങിയ ‘ഇദയക്കനി’, എന്നീ സിനിമകളിലൂടെ എ.ഐ.എ.ഡി.എം.കെ.യുടെ നയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. 1977-ൽ എ.ഐ.എ.ഡി. എം.കെ. വൻ ഭൂരിപക്ഷത്തോടെ തമിഴകത്തിന്റെ ഭരണം പിടിച്ചെടുത്തു .
അക്കാലത്ത് എം ജി ആറിന്റെ ഇദയക്കനിയായിരുന്നു ജയലളിത . വെള്ളിത്തിരയിൽ അരങ്ങ് തകർത്താടിയവർ രാഷ്ട്രീയത്തിലും ഒന്നിച്ചു. നീണ്ട അഭിനയജീവിതത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമിടയിൽ എം.ജി.ആറിന്റെ ആരോഗ്യനില എറെ വഷളായിരുന്നു. 1984-ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എം. ജി.ആർ. അമേരിക്കയിലെ ബ്രൂക്ക്ലിൻ ഡൗൺസ്റ്റേറ്റ് മെഡിക്കൽ സെൻററിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അതേ വർഷം വൃക്ക മാറ്റിവെച്ചു. ആസ്പത്രിയിൽ ചികിത്സയിൽ കഴിയവെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അക്കാലത്ത് എ.ഐ.എ.ഡി. എം.കെ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് ജയലളിതയായിരുന്നു . 1987 ഡിസംബർ 24-ന് എം. ജി.ആർ. വിടവാങ്ങി.
എം.ജി.ആറിന്റെ ശിക്ഷണത്തില്‍ വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ജയലളിത തമിഴ്നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. 14 വര്‍ഷത്തിലധികം അവര്‍ ആ സ്ഥാനം അലങ്കരിച്ചു. പിന്നീട് സിനിമയിൽ നിന്ന് രാഷ്ടീയത്തിലെത്തിയ ക്യാപ്റ്റൻ വിജയകാന്തിനെയും ജനങ്ങൾ നെഞ്ചേറ്റി. ഒരു കാലത്ത് തമിഴ് സിനിമയില്‍ രജനിക്ക് മുകളില്‍ ആരാധകര്‍ ക്യാപ്റ്റന്‍ വിജയകാന്തിന് ഉണ്ടായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ആണ് വിജയകാന്ത്
‘ക്യാപ്റ്റന്‍ പ്രഭാകരന്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം ‘ക്യാപ്റ്റന്‍’ എന്ന പദവി താരത്തിന് ലഭിക്കുന്നത്.ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ശബ്ദം ഉയര്‍ത്തിയിരുന്ന പ്രതിപക്ഷ നേതാവ് ആയിരുന്നു വിജയകാന്ത്. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തിരഞ്ഞെടുപ്പിനെ നേരിട്ടത്.
മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച നടനാണ് കമൽഹാസൻ . 2019 ലോക്സഭയിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു, പക്ഷെ കാര്യമായ ജനങ്ങളിലേക്ക് ഇറങ്ങാനോ അവരുടെ വിശ്വാസ്യത നേടിയെടുക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. രാഷ്ട്രീയ പ്രവേശത്തിനായി രജനികാന്ത് രൂപീകരിച്ച സംഘടനയായിരുന്നു മക്കൾ മൻട്രം . എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് തന്നെ വ്യക്തമാക്കിയതോടെ രാഷ്ട്രീയ കൂട്ടായ്മ ആരാധക കൂട്ടായ്മയായി മാറി.
ഇവരിൽ നിന്ന് വ്യത്യസ്തമായി തമിഴ്നാടിന്റെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് നടന്നടുക്കുകയാണ് വിജയ്. യുവാക്കളാണ് വിജയുടെ കരുത്ത് . ഒരു വീട്ടിൽ ഒരു വിജയ് എന്ന രീതിയിലാണ് ഇത്തവണ ടിവികെ തന്ത്രം മെനഞ്ഞത് . ആ തന്ത്രം ഫലിക്കുകയും ചെയ്തു. വീണ്ടും തമിഴകത്തിന്റെ അധികാരം സിനിമാ മേഖലയിലേയ്ക്ക് തിരിയുകയാണ് , മറ്റൊരു പുരട്ചി തലൈവറുടെ പിറവി കാത്ത്.

