ചെന്നൈ ; തമിഴ്നാട്ടിൽ ഇനി വിജയുടെ വിജയതേരോട്ടം . നാളെ രാവിലെ 11 ന് നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത് തമിഴ്നാടിന്റെ അധികാരമേൽക്കും. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക .സർക്കാർ രൂപീകരിക്കാൻ വിജയ്ക്ക് ഭൂരിപക്ഷം ലഭിച്ചതായി ടിവികെ വൃത്തങ്ങൾ അറിയിച്ചു . ഏറ്റവും പുതിയ കണക്ക് പ്രകാരം 118 എം എൽ എ മാരുടെ പിന്തുണ വിജയ്ക്കുണ്ട്. ഇന്ന് ലോക് ഭവനിൽ, എത്തി ഗവർണർ അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ വിജയ് അവകാശവാദം ഉന്നയിച്ചു.
വിജയും അർലേക്കറും ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് തവണയും സർക്കാർ രൂപീകരിക്കാനുള്ള വിജയിന്റെ അവകാശവാദം അർലേക്കർ തള്ളിക്കളഞ്ഞു. സഭയിൽ ആവശ്യമായ ഭൂരിപക്ഷമില്ലെന്നും പിന്തുണ തെളിയിക്കണമെന്നും അർലേക്കർ നിർദേശിച്ചിരുന്നു.ഇതിനിടെ, ഡിഎംകെയും എഐഎഡിഎംകെയും ഒന്നിച്ച് സർക്കാർ രൂപീകരിക്കാനും വിജയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനും ശ്രമിക്കുമെന്നും സൂചനകൾ വന്നിരുന്നു.
2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടിയിരുന്നു. രണ്ട് സീറ്റിൽ മത്സരിച്ച വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ പാർട്ടിയുടെ എംഎൽഎമാരുടെ എണ്ണവും 107 ആയി മാറും. അതേസമയം തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ഇപ്പോൾ വിജയ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത് . പൊതുജനങ്ങൾക്ക് അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ട്, അതിൽ തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, എന്നിവ ഉൾപ്പെടുന്നു. വിജയ് സർക്കാരിന് തമിഴ്നാട്ടിൽ ഒരു പുതിയ രാഷ്ട്രീയ സംസ്കാരവും പുതിയ ഭരണ മാതൃകയും കൊണ്ടുവരാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്.

