കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് മരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് കൊൽക്കത്തയിൽ കലാപം തുടരുന്നതിനിടെയാണ് വെടിവയ്പ്പ്. സുവേന്ദുവിന്റെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനാണ് മധ്യഗ്രാമിൽ വച്ച് വെടിയേറ്റത് . അക്രമികൾ രഥിന്റെ കാറിന് നേരെ നാല് തവണ വെടിയുതിർത്തുവെന്നാണ് നിഗമനം. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ബൈക്കിലെത്തിയ അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്നു. അദ്ദേഹം വേഗത കുറച്ചപ്പോൾ, അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. വെടിയേറ്റ രഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല . വെടിവയ്പ്പ് നടന്ന മധ്യഗ്രാം മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി രതിൻ ഘോഷാണ് വിജയിച്ചത്. തൃണമൂൽ ശക്തികേന്ദ്രമായ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തി സുവേന്ദു വിജയിച്ചതിനു പിന്നാലെയാണ് തൃണമൂൽ അനുയായികൾ കലാപം അഴിച്ചു വിടാൻ ആരംഭിച്ചത്. മമത ബാനർജിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി സംസ്ഥാനത്ത് വൻ വിജയം നേടി . പാർട്ടി 207 സീറ്റുകൾ നേടി, അതേസമയം മമതയുടെ പാർട്ടി 80 സീറ്റുകളിൽ ഒതുങ്ങി.

