ചെന്നൈ: തമിഴ് വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരണ പ്രക്രിയയുടെ ഭാഗമായി, വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ നേരിട്ട് കാണുകയും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക കൈമാറുകയും ചെയ്തു. രാജ്ഭവനിൽ എത്തിയാണ് വിജയ് ഗവർണറെ കണ്ടത് .
അതേസമയം ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യത്തിന് അംഗബലമുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സൂപ്പർസ്റ്റാർ നേതാവായി മാറിയ വിജയ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് 118 എംഎൽഎമാരുടെ പിന്തുണയുള്ള കത്താണ് സമർപ്പിക്കേണ്ടത് . എന്നാൽ ടിവികെയ്ക്ക് ഇപ്പോൾ 112 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂ . ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ച സമയം ടിവികെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിലവിൽ, തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാൻ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് അർലേക്കർ പറഞ്ഞു.
തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാർ മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന . കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനങ്ങൾ ലഭിക്കുമെന്നും സൂചനയുണ്ട്. സ്ഥാനാർത്ഥി പട്ടികയ്ക്ക് സമാനമായി, ഓട്ടോ തൊഴിലാളികൾ, ദളിത് ഗ്രൂപ്പുകൾ, സ്ത്രീകൾ എന്നിവർക്കും മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്നത് . ആവശ്യമായ ഭൂരിപക്ഷം 118 സീറ്റുകളാണ്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ, ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് തിരശ്ശീല വീണു. കൂടാതെ, എഐഎഡിഎംകെ എംഎൽഎമാരിൽ ഒരു വിഭാഗവും വിജയെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്.

