ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുന്നു. ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ക്യാമ്പിനുള്ളിൽ പടലപിണക്കങ്ങൾ . ഇന്നത്തെ നിയമസഭാ പാർട്ടി യോഗവും മാറ്റിവച്ചു. 47 എംഎൽഎമാരിൽ ഭൂരിഭാഗവും ടിവികെയ്ക്ക് പിന്തുണ ആവശ്യപ്പെടുന്നവരാണ്. ഉടൻ തീരുമാനമെടുക്കുന്നില്ലെങ്കിൽ 30 ലധികം എംഎൽഎമാർ പാർട്ടി വിട്ട് വിജയ്യെ പിന്തുണയ്ക്കുമെന്ന് എടപ്പാടിക്ക് പരോക്ഷമായി മുന്നറിയിപ്പ് നൽകി.
സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുന്നത് . എ.ഐ.എ.ഡി.എം.കെ. എംഎൽഎമാർ ഉടൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ടിവികെയ്ക്ക് കത്തും നൽകിയിട്ടുണ്ട്.
സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ടിവികെ മേധാവി വിജയ് ഇന്ന് ഗവർണർക്ക് മുന്നിൽ ഉന്നയിക്കും. അതേസമയം ടിവികെയ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണയിൽ ഡിഎംകെ കടുത്ത രോഷത്തിലാണ്. കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് ഡിഎംകെ പറഞ്ഞു. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ഡി എം കെ പറയുന്നു
ഇടതുപാർട്ടികൾ പിന്തുണ സ്ഥിരീകരിക്കാൻ മെയ് 8 വരെ സമയം തേടി. രണ്ട് ഐയുഎംഎൽ എംഎൽഎമാർ ഡിഎംകെ സഖ്യത്തിൽ തുടരാൻ തീരുമാനിച്ചു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടി. ഡിഎം കെ 59 സീറ്റുകൾ നേടി, . എഐഎഡിഎംകെ 47 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടി. പിഎംകെ നാല് സീറ്റുകളും നേടി.

