തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്ന് ശശി തരൂർ എംപി . യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇതുവരെയും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ല. തർക്കമുണ്ട് എന്നത് മാധ്യമസൃഷ്ടികൾ മാത്രമാണ്. എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും ശശി തരൂർ പറഞ്ഞു.
എൻ ഡി എ നേതാവിന്റെ വീട്ടിൽ വി ഡി സതീശൻ സന്ദർശനം നടത്തിയ വിഷയത്തിലും ശശി തരൂർ പ്രതികരണം നടത്തി. തന്റെ വീട്ടിലും മറ്റു പാർട്ടിക്കാർ വരാറുണ്ട്, ഒരാളുടെ വീട്ടിൽ പോകുന്നത് വലിയ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ , തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് വി ഡി സതീശൻ. മുഖ്യമന്ത്രിയായി തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി ഡി സതീശൻ പ്രതികരിച്ചില്ല. യാത്രാമധ്യേ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും വി ഡി സതീശൻ സൗഹൃദ സംഭാഷണം നടത്തി.

