ഹോർമുസ് കടലിടുക്ക് വീണ്ടും കപ്പൽ ഗതാഗതത്തിനായി തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. എന്നാൽ തങ്ങൾ മുന്നോട്ട് വയ്ക്കുന്ന നിബന്ധന യുഎസ് അംഗീകരിക്കണമെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് തുറക്കുന്നതിനു പകരമായി, അമേരിക്ക നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് ഇറാൻ മുന്നോട്ട് വയ്ക്കുന്ന ഉപാധി.
ഈ നിർദ്ദേശം പാകിസ്ഥാൻ വഴിയാണ് ഇറാൻ അമേരിക്കയെ അറിയിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപ് അത് അംഗീകരിക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. ഇറാൻ പുതിയ നിർദ്ദേശം സമർപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു . യുഎസ് സാമ്പത്തിക ഉപരോധം നീക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്താൽ, ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നാണ് ഇറാന്റെ നിലപാട്.
തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഉടനടി നടക്കില്ലെന്നും ഇറാൻ യുഎസിനെ അറിയിച്ചിട്ടുണ്ട് . ആദ്യം കപ്പൽ പാതകൾ വീണ്ടും തുറക്കുന്നതിനായി ഉപരോധം നീക്കുക, അതിനുശേഷം മാത്രമേ ആണവ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കൂവെന്നാണ് ഇറാന്റെ നിലപാട്.ഇറാൻ “വളരെ നല്ല” നിർദ്ദേശം അയച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു . എന്നാൽ, തന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി . ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കരുത് എന്ന നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിന്റെ ആഘാതം മുഴുവൻ ലോകവും നേരിടുകയാണ് . സംഘർഷം ആരംഭിച്ചപ്പോൾ, എണ്ണവില ബാരലിന് ഏകദേശം $72 ആയിരുന്നു. ഇപ്പോൾ അത് ബാരലിന് ഏകദേശം $108 ആയി ഉയർന്നു . തൽഫലമായി, പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചിട്ടുണ്ട്.

