തിരുവനന്തപുരം: വർത്തമാനകാല കേരളം കണ്ട ഏറ്റവും ലജ്ജാകരമായ അഴിമതിയുടെ വിശദ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരാണ് സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേമപെൻഷനുകൾ കൃത്യസമയത്ത് കൊടുക്കാനാകാതെ സർക്കാർ കനത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തായത്.
കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അദ്ധ്യാപകർ, ഗസറ്റഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെടെയാണ് നാണവും മാനവുമില്ലാത്ത ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് പണിയെടുക്കുന്നത്. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിലും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേർ ആരോഗ്യ വകുപ്പിലാണ് ഉള്ളത്. 373 പേരാണ് ആരോഗ്യ വകുപ്പിൽ നിന്നും സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയിരിക്കുന്നത്. 224 പേർ പെൻഷൻ കൈപ്പറ്റിയ പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടാം സ്ഥാനത്തും 124 പേർ പെൻഷൻ കൈപ്പറ്റിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.
ആയുർവേദ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, കൃഷി, റവന്യു വകുപ്പുകൾ, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജറ്റ്സിസ് വകുപ്പ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പ്, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പ്, വിൽപന നികുതി, പട്ടികജാതി ക്ഷേമ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, പൊലീസ്, പിഎസ്സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ, സഹകരണം, നിയമസഭാ സെക്രട്ടറിയേറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പുകൾ, വനം വന്യജീവി, മണ്ണ് സർവേ, മത്സ്യബന്ധനം, തദ്ദേശഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സാമൂഹിക ക്ഷേമം, രജിസ്ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, പുരാവസ്തു, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്സാമിനേഷൻ ലബോട്ടറി, എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്, ലാ കോളേജുകൾ, എൻസിസി, ലോട്ടറീസ്, ജയിൽ, തൊഴിൽ, കോടതി, ഹാർബർ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ്, ഡ്രഗ്സ് കൺട്രോൾ, പിന്നോക്ക വിഭാഗ വികസനം, കയർ വകിസനം തുടങ്ങിയ വകുപ്പുകളിൽ ഉള്ളവരാണ് മറ്റുള്ളവർ.
സർക്കാർ ജീവനക്കാർ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധന വകുപ്പിന്റെ തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പെൻഷൻ കൈപ്പറ്റിയവർക്ക് പുറമേ വകുപ്പുതല പരിശോധനകൾ നടത്തി ഇവർക്ക് പെൻഷന് ശുപാർശ നൽകിയ ജീവനക്കാരും നടപടി നേരിടേണ്ടി വരും.
എന്നാൽ അത് പോര എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഒരു ശരാശരി മലയാളിക്ക് ചിന്തിക്കാൻ പോലും നാണമാകുന്ന നികൃഷ്ടമായ ഈ അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ വകുപ്പുതല പെൻഷനും നിർത്തലാക്കണം. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇവരിൽ നിന്നും കണ്ടുകെട്ടണം. ഇതിലെല്ലാം ഉപരിയായി, ഇവർ ഓരോരുത്തരുടെയും പേരുവിവരങ്ങൾ പുറത്ത് വിടണമെന്നും ആവശ്യം ഉയരുകയാണ്. കൃമികളേക്കാൾ അധ:പതിച്ച ഈ മനുഷ്യരുമായുള്ള സഹവാസം ഒഴിവാക്കാനെങ്കിലും അത് ഉപകരിക്കുമെന്നും പൊതുവിൽ അഭിപ്രായങ്ങൾ ഉയരുന്നു.