തിരുവനന്തപുരം: പ്രശസ്ത പണ്ഡിതനും നാരായണ ഗുരുകുല ഫൗണ്ടേഷൻ മേധാവിയുമായ ഗുരു മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിനുമുമ്പ്, ശിവഗിരി നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ച ചികിത്സയിലായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഗുരു മുനി നാരായണ പ്രസാദിനെ 2024 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1938 ഡിസംബർ 9 ന് ജനിച്ച ഗുരു മുനി നാരായണ പ്രസാദ് 1963 ൽ പൊതുമരാമത്ത് വകുപ്പിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് നാരായണ ഗുരുകുലത്തിൽ ചേർന്നത്. വർക്കലയിലെ ഗുരുകുലത്തിൽ വെച്ച് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവിന്റെ ശിഷ്യനായി.
1999-ൽ അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ പ്രസിഡന്റായി. അമേരിക്ക, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലക്ചററായും വിസിറ്റിംഗ് പ്രൊഫസറായും യാത്ര ചെയ്തിരുന്നു. ഇന്ത്യൻ തത്ത്വചിന്ത, വേദാന്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും അസമിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

