ചെന്നൈ ; തമിഴ്നാട്ടിൽ ചരിത്ര പോളിംഗ്. വൈകീട്ട് ആറ് മണി 84.35 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011 ലെ 78.02 ശതമാനമെന്ന റെക്കോർഡാണ് ഇത്തവണ തകർന്നത് . പോളിംഗ് സമയം കഴിഞ്ഞും പലയിടങ്ങളിലും നിരവധി വോട്ടർമാർ ലൈനിൽ കാത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചു.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖരും ഉച്ചയ്ക്ക് മുന്നേ വോട്ട് രേഖപ്പെടുത്തി മടങ്ങി. പോളിങ് ആരംഭിച്ച ഏഴുമണി മുതൽ എല്ലാ ബൂത്തുകളും സജീവമായി വോട്ടർമാർ എത്തി. ആദ്യരണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത് 18 ശതമാനം വോട്ട് ആണ് .തീർത്തും സമാധാനപരമായിരുന്നു പോളിങ്. 85,000 ത്തോളം പൊലീസും 300 കമ്പനി കേന്ദ്രസേനയുമാണ് സുരക്ഷയൊരുക്കിയത്.
2011 ലെ റെക്കോർഡ് പോളിംഗിൽ 203 വോട്ടുകളോടെ അധികാരത്തിൽ എത്തിയത് എഐഎഡിഎംകെ സഖ്യമായിരുന്നു. 51.9 ശതമാനം വോട്ടുകൾ സഖ്യം നേടി. എന്നാൽ അന്ന് എഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡിഎംഡികെയും ഇടതു പാർട്ടികളുമെല്ലാം ഇന്ന് ഡിഎംകെ സഖ്യത്തിനൊപ്പമാണുള്ളത്.
അതേസമയം, പശ്ചിമ ബംഗാളിലെ 152 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ടത്തിൽ 92.57 ശതമാനം പോളിംഗ് നടന്നു, ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം 10 ശതമാനം കൂടുതലാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത്.
റെക്കോർഡ് പോളിംഗിനോട് പ്രതികരിച്ചുകൊണ്ട്, ഉയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് മാറ്റം അനിവാര്യമാണെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 50 വർഷത്തിനിടെ ബംഗാളിൽ ഇത്രയും സമാധാനപരമായ ഒരു തിരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും ഭയത്തിനെതിരായ വിശ്വാസത്തിന്റെ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു

