വിരുദുനഗർ: വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 16 മരണം . നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുത്തു മുനിയാണ്ടിയുടെ ഉടമസ്ഥതയിലുള്ള വനജ ഫയർവർക്ക്സ് യൂണിറ്റിലാണ് സ്ഫോടനം ഉണ്ടായത് . 30 തൊഴിലാളികളാണ് സ്ഫോടനസമയത്ത് യൂണിറ്റിൽ ഉണ്ടായിരുന്നത് . സ്ഫോടനം വളരെ ശക്തമായതിനാൽ 10 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. ശിവകാശി, സത്തൂർ, വിരുദുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
4 കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടിയിരുന്നു . അഞ്ചിലധികം തൊഴിലാളികളുടെ പരിക്ക് ഗുരുതരമാണ് . സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ പടക്ക ഫാക്ടറിയുടെ ഉടമയെയും മാനേജരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രനും തങ്കം തെന്നരസുവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

