തൃശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംവിധാനം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായി പരാതിയിൽ ആരോപിക്കുന്നു
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് . ഈ പ്രസംഗത്തിൽ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായി പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെക്കുറിച്ച് പരാമർശിച്ചെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് അധികം സംസാരിച്ചില്ലെന്ന് ഖാർഗെ ആരോപിച്ചു.
വനിതാ സംവരണ ബിൽ പാസാക്കുന്നതിനെ പിന്തുണയ്ക്കാത്ത പ്രതിപക്ഷത്തിന് രാജ്യത്തെ സ്ത്രീകൾ മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് . ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മോദി ക്ഷമ ചോദിച്ചു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപിക്ക് അനുകൂലമായി സ്ത്രീ വോട്ടർമാരുടെ വികാരത്തെ പിന്തുണയ്ക്കുന്നതിനുള്ള നീക്കമാണ് വനിതാ സംവരണ ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

