ഓട്ടുരുളിയിൽ നിറഞ്ഞ് നിൽക്കുന്ന സമ്പൽ സമൃദ്ധിയ്ക്കും, കൊന്നപ്പൂക്കൾക്കുമപ്പുറം പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന പുഞ്ചിരി തൂകി സാക്ഷാൽ ഉണ്ണിക്കണ്ണൻ. കണ്ണാ എന്ന് വിളിച്ച് കൈക്കൂപ്പുമ്പോ മനസിൽ തെളിയുന്നത് സാക്ഷാൽ വൈകുണ്ഠം തന്നെ . ഇങ്ങ് ഭൂമിയിലുമുണ്ട് ഗുരുവും, വായുവും ചേർത്തൊരുക്കിയ വൈകുണ്ഠം , ഗുരുവായൂർ.
വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.നിരവധി പ്രത്യേകതകളുളളതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന് നിലകൊള്ളുന്നത്.ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ
ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ച വിഗ്രഹമാണു ഗുരുവായൂരിലുള്ളത്.വിഷു ദിനത്തിൽ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ ഉദയസൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണു ക്ഷേത്രനിർമാണം.
മഞ്ഞപ്പട്ടുടുത്ത് നിൽക്കുന്ന പൊന്നുണ്ണിക്കണ്ണനെ കാണാൻ മാത്രം വിഷുദിനത്തിൽ ഓടിയെത്തുന്നവർ നിരവധിയാണ്. കണ്ണനെ കേശാദിപാദം തൊഴാതെ അവർക്ക് അടുത്ത കൊല്ലം സമൃദ്ധമാവില്ല.ഭൂമിയിലെ വൈകുണ്ഡമെന്ന് അറിയപ്പെടുന്ന ഗുരുവായൂരിലെ വിഷുക്കണി ആദ്യം കാണാൻ കഴിയുന്നതു മഹാഭാഗ്യമെന്നു വിശ്വാസം. പന്തീരടി വാതിലും നാലമ്പലമുറ്റവും കടന്ന് ശ്രീലകത്ത് എത്തുന്നവർക്കു മേൽശാന്തിയിൽ നിന്നു കൈനീട്ടം വാങ്ങാം.

