സുനീഷ് വി ശശിധരൻ
അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി, അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, മികച്ച പ്രകടനങ്ങൾ കൊണ്ടും മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ടും തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന ഒരു ഡീസന്റ് ഇമോഷണൽ ത്രില്ലറാണ് ചിത്രം. ത്രില്ലർ സിനിമകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത്, രസച്ചരട് മുറിയാതെ വൈകാരിക മുഹൂർത്തങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്.
കൊച്ചിയിലെ പ്രമുഖമായ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പെൺകുട്ടികളെ കാണാതാകുന്ന കേസുകളോട് വ്യവസ്ഥിതിയുടെ പ്രതികരണങ്ങളിലെ വൈകാരിക വ്യതിയാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം, ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നു.
സംഭവവികാസങ്ങളിലെ കാര്യകാരണങ്ങൾ പ്രേക്ഷകനുമായി സംവദിക്കുന്നതിൽ തിരക്കഥ എത്രത്തോളം വിജയിക്കുന്നുവോ, സിനിമ അത്രയും വിജയിക്കുന്നു എന്നതാണ് മലയാളത്തിലെ വിജയമായ സമകാലിക ത്രില്ലർ സിനിമകൾ രൂപപ്പെടുത്തിയിരിക്കുന്ന സമവാക്യം. കുറ്റകൃത്യങ്ങളുടെ മോട്ടീവ് വിശദീകരിക്കുന്നതിൽ ഈ ഭാഗം ആനന്ദ് ശ്രീബാലയിൽ ഭംഗിയായി വന്നിട്ടുണ്ട് എന്നത് ചിത്രത്തിന് അനുകൂലമായ ഘടകമാണ്. എന്നാൽ, ചില കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങൾക്ക് പിന്നിലെ ചേതോവികാരങ്ങൾ പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നതിൽ ചിലപ്പോഴെങ്കിലും ചിത്രം ചെറുതായി ഒന്ന് പിന്നിലേക്ക് വലിയുന്നുണ്ട്. എങ്കിലും ചടുലമായ കഥാഗതി ഈ ചെറിയ കുറവുകളെ പരിഹരിച്ച് മുന്നേറാൻ ചിത്രത്തെ പ്രാപ്തമാക്കുന്നു.
പ്രകടനങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ടൈറ്റിൽ കഥാപാത്രമായി വന്ന അർജുൻ അശോകൻ തന്നെയാണ്. സങ്കീർണമായ മനോവ്യാപാരങ്ങൾക്ക് ഉടമയായ ആനന്ദ് ശ്രീബാലയെ തന്റേതായ ശൈലിയിൽ മനോഹരമാക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രകടനം കൊണ്ട് വിളിച്ചോതാൻ സംഗീതക്ക് സാധിക്കുന്നു. നായികയായി എത്തുന്ന അപർണ ദാസും തന്റെ വേഷം നന്നാക്കിയിട്ടുണ്ട്.
സമീപകാലത്ത് ചെയ്ത കഥാപാത്രങ്ങളുടെ ടെമ്പ്ലേറ്റിൽ നിന്നും വ്യത്യസ്തമായി, ലേശം നെഗറ്റീവ് ഷെയ്ഡുള്ള ഡിവൈഎസ്പി ശങ്കർ ദാസിനെ സൈജു കുറുപ്പ് മനോഹരമാക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. നന്ദു, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശിവദ, ഇന്ദ്രൻസ്, മാളവിക മനോജ്, അസീസ് നെടുമങ്ങാട്, മുത്തുമണി, അനിയപ്പൻ തുടങ്ങി ചെറിയ വേഷങ്ങളിൽ വന്നവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി.
തുടക്കക്കാരന്റെ പതർച്ചയില്ലാതെ നല്ല മേക്കിംഗ് കൊണ്ട് പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സംവിധായകൻ വിഷ്ണു വിനയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് ചിത്രം നേടുന്ന പോസിറ്റീവ് റെസ്പോൺസ് സൂചിപ്പിക്കുന്നത്. നീറ്റ പിന്റോ, പ്രിയ വേണു, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചിരിക്കുന്നത്. ഓരോ ചിത്രം കഴിയും തോറും തന്റെ ഗ്രാഫ് ഉയർത്തിക്കൊണ്ടിരിക്കുന്ന അഭിലാഷ് പിള്ള, മലയാളത്തിലെ മുൻനിര തിരക്കഥാകൃത്തുക്കളിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു.
വിഷ്ണു നാരായണന്റെ മനോഹരമായ ഫ്രെയിമുകൾ ചിത്രത്തിന്റെ എടുത്തു പറയേണ്ട സാങ്കേതിക വശമാണ്. എഡിറ്റിംഗിലെ ചില്ലറ പോരായ്മകളെ ദൃശ്യഭംഗി കൊണ്ട് മറികടക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. രഞ്ജിൻ രാജ് ഈണം നൽകിയ നല്ല പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ നിർണായകമായിട്ടുണ്ട്. സാങ്കേതികമായും ശരാശരിക്ക് മുകളിൽ നിൽക്കുന്ന ചിത്രമായാണ് ‘ആനന്ദ് ശ്രീബാല‘ അനുഭവപ്പെട്ടത്.