തിരുവനന്തപുരം ജില്ലയിലെ തീരദേശ പട്ടണമാണ് വർക്കല. ശിവഗിരി മഠം, പാപനാശം ബീച്ച്, ജനാർദ്ദനസ്വാമി ക്ഷേത്രം ഒക്കെയായി കേരളത്തിന്റെ സാംസ്ക്കാരിക ഭൂപടത്തിൽ പ്രധാനസ്ഥാനവുമുണ്ട് വർക്കലയ്ക്ക് . വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് വർക്കല നിയമസഭാമണ്ഡലം.
1980 മുതൽ 1991 വരെ എൽ ഡി എഫിന്റെ വർക്കല രാധാകൃഷ്ണനാണ് ഇവിടെ നിന്ന് എം എൽ എ ആയത് . 1996 ൽ എ. അലി ഹസ്സനും, 2001 മുതൽ 2011 വരെ വർക്കല കഹാറും, 2016 , 2021 കാലഘട്ടങ്ങളിൽ വി ജോയും ഇവിടെ നിന്ന് ജയിച്ചു. 68,816 വോട്ടുകൾ നേടിയാണ് ജോയ് വിജയിച്ചത്. കോൺഗ്രസിലെ ബി.ആർ.എം. ഷഫീറിനെ 17,821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബി.ജെ.പി മുന്നണിയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി അജി എസ്.ആർ.എം 11,214 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി.
അഡ്വ.വി.ജോയി തന്നെയാണ് ഇത്തവണയും ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി . യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാറാണ്. അഡ്വ.സ്മിത സുന്ദരേശനാണ് എൻ ഡി എയ്ക്കായി മത്സരിക്കുന്നത് .ചരിത്രപരമായി വർക്കല ഇടതുപക്ഷത്തിനും കോൺഗ്രസിനും ഇടയിൽ മാറിമാറി വന്നിട്ടുണ്ട്. എന്നാൽ കാലക്രമേണ, സി.പി.ഐ.എം നേതൃത്വം നൽകുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയും ഇവിടെ എൽ.ഡി.എഫ് മേധാവിത്വം ഉറപ്പിച്ചു.
എം.എൽ.എമാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവരായിരിക്കണമെന്നാണ് ഇവിടുത്തെ വോട്ടർമാർ പറയുന്നത് . വിനോദസഞ്ചാര മേഖലയിലെ പ്രശ്നങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും പരിഹാരം കാണേണ്ട കാര്യങ്ങളുണ്ട് . ഇതിനൊക്കെ തങ്ങൾക്ക് തുണയായി നിൽക്കുന്ന ജനപ്രതിനിധിയെയാണ് വർക്കല തേടുന്നത് .

