രാജ്യത്തെ ഏറ്റവും വലിയ സമ്പത്തിനുടമ , സാക്ഷാൽ ശ്രീപദ്മനാഭന്റെ മണ്ണ് , അനന്തപുരി . കാഴ്ച്ചകളും, വിശേഷണങ്ങളും നിരവധിയാണ് തിരുവനന്തപുരത്തിന് . ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ഇന്നും തിരുവിതാംകൂർ രാജഭരണത്തിന്റെ പ്രതാപ ശേഷിപ്പുകളായി തലയുയർത്തി നിൽക്കുന്നുണ്ട് കവടിയാർ കൊട്ടാരവും, കുതിരമാളികയുമൊക്കെ . . ഓരോ തെരഞ്ഞെടുപ്പ് കാലങ്ങളിലും ആ പഴയ കാലഘട്ടത്തെ കുറിച്ച് ഓർമ്മത്താളിലേയ്ക്ക് കൊണ്ടുവരുന്നവരുണ്ട് ഇന്നും ഈ തിരുവനന്തപുരത്ത് .അത്രയ്ക്ക് പ്രിയപ്പെട്ടതാണ് അവർക് ഈ നാട്.
കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, , വെങ്ങാനൂർ, മുല്ലൂർ, കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം, ബീമാപള്ളി, മുട്ടത്തറ, ഫോർട്ട് എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം .
2011 ലും, 2016 ലും യുഡിഎഫിന്റെ വി എസ് ശിവകുമാറാണ് ഇവിടെ നിന്ന് എം എൽ എ ആയത് . 2021 മുതൽ ആന്റണി രാജുവാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് . 48,748 വോട്ടുകൾ നേടിയാണ് അന്ന് ആന്റണി രാജു വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വി. എസ്. ശിവകുമാറിനെ 7,089 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ 34,996 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.എന്നാൽ, ഇന്ന് രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ആന്റണി രാജുവിനെ കഴിഞ്ഞ ആഴ്ച നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
സി.പി. ജോണാണ് ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിന്റെ യുഡിഎഫ് സ്ഥാനാർത്ഥി. സുധീർ കരമനയാണ് എൽ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്നത് . കരമന ജയനാണ് എൻ ഡി എ സ്ഥാനാർത്ഥി.
നഗര അടിസ്ഥാന സൗകര്യങ്ങൾ തന്നെയാണ് ഇവിടുത്തെ മുഖ്യ ചർച്ചാവിഷയം. റോഡുകൾ, ഡ്രെയിനേജ്, മാലിന്യ സംസ്കരണം, കുടിവെള്ളം, ഗതാഗത മാനേജ്മെന്റ് എന്നിവയിൽ വോട്ടർമാർ ആശങ്കപ്പെടുന്നുണ്ട്. വികസന താല്പര്യങ്ങൾ ആര് വിശ്വസ്തതയോടെ സംരക്ഷിക്കുമോ അവർക്കൊപ്പം തങ്ങളുണ്ടെന്ന് ഇവിടുത്തെ വോട്ടർമാർ ഉറപ്പിച്ച് പറയുന്നു. ജനങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന, ഭരണപരമായ മികവുള്ള നേതാക്കളെയാണ് തലസ്ഥാനം ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണിവർ കാത്തിരിക്കുന്നതും.

