ന്യൂഡൽഹി: മണിപ്പൂരിലെ ജിരിബാമിൽ സി ആർ പി എഫുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.
ജിരിബാമിൽ നേരത്തേ അക്രമാസക്തരായ കലാപകാരികൾ നിരവധി കടകൾക്ക് തീവെച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെ ബോറോബെക്ര പോലീസ് സ്റ്റേഷന് നേർക്ക് നിരവധി തവണ വെടിയുതിർത്ത അക്രമികൾ ജാക്കുരാദോർ കരോംഗിലും കടന്ന് നാശം വിതച്ചു.
പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് ആക്രമിക്കാൻ തയ്യാറായി സംഘം നീങ്ങിയതോടെയാണ് സി ആർ പി എഫ് ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ജൂൺ മാസത്തിൽ, ഒരിടവേളക്ക് ശേഷം കലാപം വീണ്ടും ആളിപ്പടർന്നപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയായിരുന്നു. ബോറോബെക്ര പോലീസ് സ്റ്റേഷൻ പരിധി.
കഴിഞ്ഞയാഴ്ച സൈറോൺ ഹമാർ ഗ്രാമത്തിൽ ആയുധധാരികളായ അക്രമികൾ 31 വയസ്സുകാരിയെ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.