ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സഞ്ജു സാംസണിന്റെ ഗംഭീര സെഞ്ച്വറിയുടെ കരുത്തിൽ, 61 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനെ കീഴ്പ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ആതിഥേയരുടെ പോരാട്ടം 17.5 ഓവറിൽ 141 റൺസിൽ അവസാനിച്ചു.
ഇന്ത്യൻ നിരയിൽ സഞ്ജു സാംസണൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. തുടക്കത്തിലേ 7 റൺസെടുത്ത ഓപ്പണിംഗ് പങ്കാളി അഭിഷേക് ശർമ്മയെ നഷ്ടമായെങ്കിലും, ദക്ഷിണാഫ്രിക്കയുടെ നിരുത്തരവാദപരമായ ബൗളിംഗ് മുതലെടുത്ത സഞ്ജു, രണ്ടാം വിക്കറ്റിൽ ക്യാപ്ടൻ സൂര്യകുമാർ യാദവിനെയും മൂന്നാം വിക്കറ്റിൽ തിലക് വർമ്മയെയും കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. സൂര്യകുമാർ 21 റൺസും തിലക് വർമ്മ 18 പന്തിൽ 33 റൺസുമെടുത്ത് മടങ്ങി.
പതിനാറാമത്തെ ഓവറിൽ സഞ്ജു മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 4ന് 175 എന്ന നിലയിലായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അവസാന ഓവറുകളിൽ നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ പിന്നീട് വന്ന ബാറ്റ്സ്മാന്മാർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെറാൾഡ് കോട്സീ 3 വിക്കറ്റ് വീഴ്ത്തി.
ബംഗ്ലാദേശിനെതിരെ നിർത്തിയിടത്ത് നിന്നാണ് സഞ്ജു ഡർബനിൽ കളി തുടങ്ങിയത്. 50 പന്തിൽ 107 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിൽ നിന്നും 7 ബൗണ്ടറികളും 10 കൂറ്റൻ സിക്സറുകളും ഗാലറിയിലേക്ക് പറന്നു. അന്താരാഷ്ട്ര ട്വന്റി 20യിൽ ഇത് സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. ട്വന്റി 20 ഓപ്പണർ സ്ഥാനത്തേക്ക് അനിഷേധ്യമായ അവകാശവാദമുന്നയിക്കാൻ ഈ ഇന്നിംഗ്സിലൂടെ സഞ്ജുവിന് സാധിച്ചു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ ഒരു ഘട്ടത്തിലും ശ്വാസം വിടാൻ അനുവദിച്ചില്ല. 3 വിക്കറ്റുകൾ വീതമെടുത്ത വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും ചേർന്നാണ് പ്രോട്ടീസിനെ വരിഞ്ഞ് മുറുക്കിയത്. ആവേശ് ഖാന് 2 വിക്കറ്റ് ലഭിച്ചു. 25 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.