ന്യൂഡൽഹി : രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പടികളിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് .നവംബർ 10 നാണ് ഔദ്യോഗികമായി ചന്ദ്രചൂഡ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തി ദിനം. ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി.
വികാരനിർഭരമായാണ് ചന്ദ്രചൂഡ് ചടങ്ങിൽ സംസാരിച്ചത് . ‘ ഒരു തീർത്ഥാടകന് തുല്യമാണ് ഒരു ജഡ്ജിയുടെ ജീവിതം .സേവിക്കാനുള്ള മനസോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത് . പരിഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു . ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ . എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത് 2022 നവംബർ 9 നാണ് . ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയാവുക. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജാണ് ഖന്ന.