ഫ്ളോറിഡ : അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രമ്പ് . മുറിവേറ്റ രാജ്യത്തെ സുഖപ്പെടുത്താൻ പോവുകയാണെന്നും അമേരിക്കയുടെ സുവർണ കാലഘട്ടം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രമ്പ്.
പെൻസിൽവാനിയിൽ കൂടി വിജയിച്ചതോടെ തെരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിൽ എത്തി.
അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കൻ ജനതയുടെ മഹത്തായ വിജയമാണ് ഇത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണ് കടന്നുപോയതെന്ന് ജനങ്ങൾക്ക് ബോധ്യമാകും. അഭൂതപൂർവവും ശക്തവുമായ ജനവിധിയാണ് അമേരിക്ക നൽകിയതെന്ന് സെനറ്റിലെ വിജയത്തെ ചൂണ്ടിക്കാട്ടി ട്രമ്പ് പറഞ്ഞു. 2004 ൽ ബുഷിന് ശേഷം ആദ്യമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പോപ്പുലർ വോട്ട് നേടുന്നത് .
ഭാര്യ മെലാനിയയ്ക്കും ട്രമ്പ് നന്ദി പറഞ്ഞു. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകാനൊരുങ്ങുന്ന ജെഡി വാൻസിനെും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവാണ് ട്രമ്പ് നടത്തിയതെന്ന് വാൻസ് പ്രസംഗത്തിനിടെ പറഞ്ഞു.