ന്യൂഡൽഹി: പക്ഷപാതപരവും വികലവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമായ വിക്കിപീഡിയക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. നിരവധി ഉപഭോക്താക്കൾ തെളിവ് സഹിതം പരാതി നൽകിയതിനെ തുടർന്ന്, വിക്കിപീഡിയ അഡ്മിൻ വിഭാഗത്തെ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്കു.
ബോധപൂർവ്വം ജനങ്ങളിലേക്ക് തെറ്റായ അറിവുകൾ വ്യാപിക്കാൻ ഒരു പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. എഡിറ്റോറിയൽ നിയന്ത്രിക്കുന്നവരുടെ ഐഡന്റിറ്റികൾ ദുരൂഹമാണ്. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ തെറ്റായ പൊതുജനാഭിപ്രായ രൂപീകരണം ഉണ്ടാകാൻ ഇത് കാരണമാകുന്നുവെന്നും കേന്ദ്ര സർക്കാർ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഒരു ഓൺലൈൻ ഇടനിലക്കാരൻ എന്ന നിലയിലാണ് ഇന്ത്യയിൽ വിക്കിപീഡിയ പ്രവർത്തിക്കുന്നത്. നിശ്ചിത ഉപഭോക്താക്കൾ നിയന്ത്രിക്കുന്ന ഉള്ളടക്കങ്ങളാണ് ഇത്തരം പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ഇവയ്ക്ക് ഐടി നിയമത്തിന്റെ പിൻബലമുണ്ട്. എന്നാൽ, ഒരു ഓൺലൈൻ വിജ്ഞാനകോശം എന്ന നിലയിലാണ് വിക്കിപീഡിയ മാർക്കറ്റ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ഇവയുടെ ഉള്ളടക്കങ്ങളിലെ അപാകതകൾക്ക് വിശദീകരണം നൽകാൻ സ്ഥാപനം ബാദ്ധ്യസ്ഥമാണെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
തെറ്റായ ആശയപ്രചാരണം, അപകടകരമായ ഉള്ളടക്കം, ഡിജിറ്റൽ പരമാധികാരത്തിന്റെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിരുന്നു.
അതേസമയം, വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വ്യക്തിഗത എഡിറ്റർമാരാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ഇവരെ സമ്മർദ്ദത്തിലാക്കുമെന്ന് ഐടി വിദഗ്ധർ വാദിക്കുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ആധികാരിക വിവരശേഖരണത്തിന് ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോം അതിന്റെ ഉള്ളടക്കത്തിൽ കൃത്യതയും നിഷ്പക്ഷതയും പുലർത്തേണ്ടത് ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് അനിവാര്യമാണ് എന്നാണ് സർക്കാരിന്റെ നിലപാട്.
ഏതായാലും, കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് വിക്കിപീഡിയ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിക്കിപീഡയുടെ നിലപാട് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓൺലൈൻ ലോകം.