പാലക്കാട് ; ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽ വേ. ഷൊർണൂരിലാണ് സംഭവം . ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് ശുചീകരണ സേലം സ്വദേശികളായ ലക്ഷ്മണൻ , ഭാര്യ വള്ളി , റാണി എന്നിവർ മരിച്ചത് .
പത്ത് ശുചീകരണ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത് . മറ്റ് ആറ് പേരും ഓടി രക്ഷപെട്ടുവെന്നാണ് സൂചന . മരിച്ച റാണിയുടെ ഭർത്താവ് ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണതാകാമെന്ന സംശയത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വച്ച് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം . ട്രാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഷൊർണൂർ പാലത്തിന് സമീപം വച്ച് ശുചീകരണ തൊഴിലാളികളെ ട്രെയിൻ തട്ടിയത് . ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു . മൂന്ന് പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.