തൃശൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി കൊടകര കുഴൽപ്പണ വിവാദം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ നിന്നും മോഷ്ടിക്കപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയായിരുന്നു എന്ന ബിജെപി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തലാണ് വിവാദം ചൂട് പിടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യമന്ത്രി ഡിജിപിയുമായി ആശയവിനിമയം നടത്തിയിരുന്നു.
2021 ഏപ്രിൽ 2ന് രാത്രി 11.00 മണിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി ബിജെപിയുടെ പ്രചാരണ സാമഗ്രികൾ എന്ന് പറഞ്ഞ് പാർട്ടി ജില്ലാ ഓഫീസിൽ എത്തിച്ചുവെന്നാണ് സതീശ് പറയുന്നത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നും സതീശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന സതീശിന്റെ പരാതി പരിഗണിച്ച്, ഇയാളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജനാണ്. ധര്മരാജന് മുറി എടുത്തു കൊടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നും സതീശ് വെളിപ്പെടുത്തുന്നു. ഈ ധർമരാജനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കുഴൽപ്പണ ഇടപാടിൽ ബിജെപി കേരള, കർണാടക നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് 2021ൽ തന്നെ പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും കൈമാറിയിരുന്നു.
2021ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കു വേണ്ടി ധര്മരാജന് വഴി ഹവാലപ്പണമായി കേരളത്തിലേക്ക് എത്തിയത് 41 കോടി രൂപയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിൽ 7.90 കോടി രൂപയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറര്‍ക്കു നല്കാന് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു.
കേസിൽ 23 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 19 പേര് കേസിൽ സാക്ഷികളായിരുന്നു. 2021 ഏപ്രില്‍ 7ന് കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.
അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുകൂലമായി കാസർകോട് സെഷൻസ് കോടതി വിധി വന്നത് ബിജെപിക്ക് ആശ്വാസമായിരുന്നു. എന്നാൽ സെഷന്‍സ് കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു ദിവസങ്ങള്‍ക്കുളളിൽ കൊടകര കുഴൽപ്പണക്കേസിൽ ഉണ്ടായ വെളിപ്പെടുത്തൽ പാർട്ടിക്ക് ഇരട്ട പ്രഹരമായി.
പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്ന മുൻ ഓഫീസ് സെക്രട്ടറി സതീശിനെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് നേരത്തേ തന്നെ പുറത്താക്കിയതാണ് എന്നാണ് പാർട്ടി വിശദീകരിക്കുന്നത്. സതീശൻ സിപിഎം നേതാവ് എ സി മൊയ്തീനുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വെളിപ്പെടുത്തൽ എന്നും ഏത് അന്വേഷണവും നേരിടാൻ പാർട്ടി സജ്ജമാണെന്നും ബിജെപി വ്യക്തമാക്കുന്നു. പാലക്കാട് പരാജയം മണത്ത സിപിഎം നടത്തുന്ന പൊറാട്ട് നാടകമാണ് ഇതെന്നാണ് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറയുന്നത്.
എന്നാൽ, കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജെപിക്ക് സിപിഎം ഒത്താശ ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട നിരവധി കേസുകൾ ഒത്തുതീർപ്പാക്കാൻ സിപിഎം കുഴല്‍പ്പണക്കേസ് മുതലാക്കി എന്നും ആരോപണം ഉയരുന്നു.