ന്യൂഡൽഹി: ഇന്ത്യയുടെ അൻപത്തിയൊന്നാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാൻ അടുത്തയിടെ തീരുമാനമായിരുന്നു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഖന്നയുടെ നിയമനത്തിന് ശുപാർശ നൽകിയത്. ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ, നവംബർ 11ന് ഖന്ന ചുമതലയേൽക്കും.
ഇന്ത്യയിൽ ജഡ്ജിമാരുടെ നിയമനം കൊളീജിയം സംവിധാനം വഴിയാണ് നടപ്പിലാകുന്നത്. ഭരണഘടനയിലെ 124, 217 അനുച്ഛേദങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നത്. ആർട്ടിക്കിൾ 124 പ്രകാരം, ഇന്ത്യക്ക് ഒരു സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും, പാർലമെന്റ് നിയമനിർമ്മാണം നടത്താത്തിടത്തോളം, ഏഴിൽ കവിയാത്ത ജഡ്ജിമാരും ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. സുപ്രീം കോടതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇത് പിന്നീട് 33 ജഡ്ജിമാർ വരെയാക്കി ഉയർത്തിയിരിക്കുന്നു.
ഭരണഘടന പ്രകാരം സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരെയും നിയമിക്കേണ്ടത് രാഷ്ട്രപതിയാണ്. ഇതിനായി സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ മാർഗനിർദ്ദേശം പരിഗണിക്കേണ്ടതുണ്ട്. 65 വയസ്സുവരെ അവർക്ക് ചുമതലയിൽ തുടരാൻ സാധിക്കും.
എന്താണ് കൊളീജിയം സംവിധാനം?
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലം മാറ്റം ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതും കൊളീജിയം മുഖേനയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചുമതലയിൽ തുടരുന്ന മറ്റ് നാല് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന സംവിധാനമാണ് കൊളീജിയം. സമാനമായി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിർന്ന ഹൈക്കോടതി ജഡ്ജിമാരും അടങ്ങുന്നതാണ് ഹൈക്കോടതി കൊളീജിയം.
കൊളീജിയം നിർദ്ദേശിക്കുന്ന പേരുകൾ സാങ്കേതികമായി അംഗീകരിക്കുന്ന കടമ മാത്രമാണ് സർക്കാരിന് ഉള്ളത്. ഹൈക്കോടതി കൊളീജിയം നിർദ്ദേശിക്കുന്ന ഒരു നിയമനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും സുപ്രീം കോടതി കൊളീജിയത്തിന്റെയും അംഗീകാരത്തിന് ശേഷം മാത്രമേ സർക്കാരിന് മുന്നിൽ എത്തുകയുള്ളൂ.
സുപ്രീം കോടതിയുടെ വിവിധ കാലഘട്ടങ്ങളിലെ വിധികൾക്ക് അനുസൃതമായി പരിഷ്കരിക്കപ്പെട്ടതാണ് കൊളീജിയം സംവിധാനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായും മുതിർന്ന ജഡ്ജിമാരുമായും ചർച്ച ചെയ്ത് രാഷ്ട്രപതി പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കണം എന്നത് മാത്രമായിരുന്നു ഭരണഘടനയിലെ ആദ്യകാല നിർദ്ദേശം. ഇതാണ് പിന്നീട് പല തവണയായി പരിഷ്കരിക്കപ്പെട്ടത്.
ഒരിക്കൽ കൊളീജിയം നിർദ്ദേശിക്കുന്ന പേര് സർക്കാരിന് വേണമെങ്കിൽ നിരാകരിക്കാം. എന്നാൽ വീണ്ടും കൊളീജിയം അതേ പേര് തന്നെ നിർദ്ദേശിച്ചാൽ സർക്കാരിന് അത് അംഗീകരിക്കാതെ മറ്റ് മാർഗമുണ്ടാകില്ല.
നിലവിലെ കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് 1998ലാണ് സുപ്രീം കോടതി ഏറ്റവും ശ്രദ്ധേയമായ വിധി പ്രസ്താവം നടത്തിയത്. 1950 മുതൽ 1973 വരെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ചീഫ് ജസ്റ്റിസുമാരുമായി കാര്യമായ തർക്കങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്ന സംവിധാനമായിരുന്നു അക്കാലത്ത് അനുവർത്തിച്ച് പോന്നിരുന്നത്.
എന്നാൽ, 1973ൽ മുതിർന്ന മൂന്ന് സുപ്രീം കോടതി ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എ എൻ റേയ്ക്ക് ചീഫ് ജസ്റ്റിസായി നിയമനം ലഭിച്ചു. അടിയന്തരിവാസ്ഥക്കാലത്ത് മുറപ്രകാരം നിയമനം ലഭിക്കേണ്ടിയിരുന്ന ജസ്റ്റിസ് എച്ച് ആർ ഖന്നയെ അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ അവഗണിച്ചു. അടിയന്തിരാവസ്ഥക്കാലത്തെ അനധികൃത കരുതൽ തടങ്കലിനെതിരെ പ്രതികരിച്ചതിനായിരുന്നു നടപടി.
തുടർന്ന് 1982ൽ എസ് പി ഗുപ്ത കേസ് പരിഗണിക്കവെ, ഭരണഘടന പറയുന്നത് ‘നിർദ്ദേശം ആരായാമെന്നാണെന്നും എന്നാൽ അത് നിർബന്ധമല്ലെന്നും‘ സുപ്രീം കോടതി വിധിച്ചു. ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി സുപ്രീം കോടതിയുടെ നിർദ്ദേശം സ്വീകരിച്ചേ മതിയാകൂ എന്ന് പറയാനാകില്ല. ഒരു ഹൈക്കോടതി ജഡ്ജിയെ അദ്ദേഹത്തിന്റെ അനുമതി കൂടാതെ തന്നെ മറ്റേതൊരു ഹൈക്കോടതിയിലേക്കും സ്ഥലം മാറ്റാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ 1993ൽ സ്വന്തം വിധി സുപ്രീം കോടതി തിരുത്തി. ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി സുപ്രീം കോടതിയുടെ നിർദ്ദേശം സ്വീകരിച്ചേ മതിയാകൂ എന്നും, മറിച്ചുള്ള വ്യാഖ്യാനം ഭരണഘടനാ വിധേയമല്ലെന്നും കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇതാണ് കൊളീജിയത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
പിന്നീട് 1998ൽ ഭരണഘടനയിലെ അനുച്ഛേദം 124, 217, 222 എന്നിവയുടെ വ്യാഖ്യാനങ്ങൾ വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നു. പേരുകൾ രാഷ്ട്രപതിക്ക് നിർദ്ദേശിക്കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് മാത്രമല്ലെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന നാല് ജഡ്ജിമാർ കൂടി അംഗമാകുന്ന കൊളീജിയത്തിന് ഇതോടെ സാങ്കേതിക അധികാരം ബലപ്പെട്ടു. കൊളീജിയത്തിലെ രണ്ട് ജഡ്ജിമാർ വിസമ്മതിച്ചാൽ, ചീഫ് ജസ്റ്റിസിന് നിർദ്ദേശം രാഷ്ട്രപതിക്ക് കൈമാറാനാകില്ല.
സുതാര്യതയുടെ പേരിൽ നിരന്തരം പഴി കേട്ട ഒരു സംവിധാനമാണ് കൊളീജിയം. ഈ പശ്ചാത്തലത്തിലാണ് ഇതിന് ഒരു ബദൽ നിർദ്ദേശം എന്ന നിലയിൽ കേന്ദ്ര സർക്കാർ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ കൊണ്ടു വന്നത്. ഭരണഘടനയുടെ തൊണ്ണൂറ്റിയൊൻപതാം ഭേദഗതി പ്രകാരമായിരുന്നു ഇത്.
ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ആക്ട് പ്രകാരം, നിയമന കമ്മീഷന്റെ എക്സ് ഒഫീഷ്യോ അദ്ധ്യക്ഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും. സുപ്രീം കോടതിയിലെ മുതിർന്ന രണ്ട് ജഡ്ജിമാർ സമിതിയിൽ ഉണ്ടാകും. കൂടാതെ, കേന്ദ്ര നീതിന്യായ വകുപ്പ് മന്ത്രി കൂടി കമ്മീഷനിൽ എക്സ് ഒഫീഷ്യോ അംഗമായിരിക്കും. ഇതിനും പുറമേ, പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക്സഭാ പ്രതിപക്ഷ നേതാവും അടങ്ങുന്ന ഒരു സമിതി നിയോഗിക്കുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾ കൂടി സമിതിയിൽ അംഗങ്ങളായിരിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവായിരിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമൊപ്പം ശുപാർശ നൽകേണ്ടത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന അംഗങ്ങൾ പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവരോ സ്ത്രീകളോ ആയിരിക്കണമെന്നും ആക്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ആക്ട് 2015ൽ സുപ്രീം കോടതി ഇടപെട്ട് അസാധുവാക്കി. രാജ്യത്തെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ സുതാര്യത കളങ്കപ്പെടും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ, ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ കൈകടത്തൽ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു എന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.