ആലപ്പുഴ : വി ഡി സവർക്കറെ വാഴ്ത്തി ആലപ്പുഴയിലെ സിപി ഐ നേതാവ് . സവർക്കർ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവാണെന്ന് സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കിഴക്കേ ആൽമുക്ക് എന്ന പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെയാണ് സവർക്കറെ വാഴ്ത്തി ശുഹൈബ് രംഗത്തെത്തിയത്.
‘ ചരിത്രവിദ്യാർത്ഥികൾക്കൊന്നും ഇന്ത്യൻ ദേശീയ സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെയൊന്നും കണ്ടിട്ടില്ലെന്ന് നടിക്കാനാകില്ല . സവർക്കർ അനുഭവിച്ച ത്യാഗം വലിയ കോൺഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ല .ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമില്ല . ജയിലിൽ കിടന്ന് പീഠത്തിൽ കെട്ടിയുള്ള അടി, ഇടി , തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്യ്രസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വർഷത്തിൽ കൂടുതൽ ജയിലിൽ കിടന്നു. സവർക്കർ മോശമൊന്നുമല്ല .സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍’ എന്നാണ് ശുഹൈബ് മുഹമ്മദ് പറയുന്നത്.
നിരന്തരം ആർ എസിഎസിനും , ബിജെപിയ്ക്കുമെതിരെ കമ്യൂണിസ്റ്റുകാർ പ്രചാരണം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് നേതാവ് തന്നെ സവർക്കറെ പുകഴ്ത്തി രംഗത്തെത്തിയത് . അതേസമയം സംഭവം പരിശോധിക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് സോളമന് അറിയിച്ചു.

