കീവ്: യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ ഡ്രോൺ ആക്രമണം . 479 ആളില്ലാ വിമാനങ്ങളാണ് റഷ്യ ഇതിനായി വിന്യസിച്ചത് മൂന്ന് വർഷങ്ങൾക്ക് മുമ്പ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ബോംബാക്രമണമാണിതെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ തരത്തിലുള്ള 20 മിസൈലുകൾ ഉൾപ്പെട്ട ആക്രമണം ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ചതായും രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളെ ലക്ഷ്യം വച്ചായിരുന്നുവെന്നും യുക്രേനിയൻ വ്യോമസേന പറഞ്ഞു. റഷ്യ വേനൽക്കാല ആക്രമണം ശക്തമാക്കുകയും ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീവ്രമായ ആക്രമണം.
അതേസമയം വ്യോമ പ്രതിരോധ യൂണിറ്റുകൾ 277 ഡ്രോണുകളും 19 മിസൈലുകളും തടഞ്ഞു, 10 പ്രൊജക്ടൈലുകൾ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ. ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റഷ്യയും യുക്രെയ്നും തിങ്കളാഴ്ച വീണ്ടും തടവുകാരുടെ കൈമാറ്റം നടത്തി.ചില മേഖലകളിൽ “സ്ഥിതി വളരെ ദുഷ്കരമാണ്” എന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

