മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . ഇത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കി. എന്നാൽ ഈ ഊഹാപോഹങ്ങൾക്ക് മറുപടിയായി, മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നുമാണ് നടൻ മോഹൻലാൽ പറയുന്നത്.
എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ, മോഹൻലാലിന്റെ ശബരിമല സന്ദർശനത്തെക്കുറിച്ച് ചോദ്യമുയർന്നു . മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് നടത്തിയതും ചർച്ചയായി. ചോദ്യത്തിന് മറുപടിയായി, പ്രാർത്ഥന ഒരു വ്യക്തിപരമായ പ്രവൃത്തിയാണെന്നും അത് ഒരു കാഴ്ചയായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഉറക്കെ പറയാനോ വലിയ കാര്യമാക്കാനോ ഉള്ള ഒന്നല്ല. ആളുകൾ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അവർ അങ്ങനെ ചെയ്യുമ്പോൾ അത് ഒരു നല്ല കാര്യമാണ്,” മോഹൻലാൽ പറഞ്ഞു.
“അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു, ആർക്കും സംഭവിക്കാവുന്ന ഒന്ന്. അത്രയേയുള്ളൂ. വിഷമിക്കേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാലിന്റെ വഴിപാടുകൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ ജന്മനക്ഷത്രമായ വിശാഖം നാളിൽ മുഹമ്മദ് കുട്ടി എന്ന പേരിലാണ് താരം ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും അദ്ദേഹം വഴിപാട് നടത്തിയിരുന്നു.