വിശാഖപട്ടണം: ഐപിഎല്ലിലെ ആവേശം അലതല്ലിയ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ലഖ്നൗ 20 ഓവറിൽ 8 വിക്കറ്റിന് 209 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഡൽഹി, അവസാന ഓവറിലെ മൂന്നാം പന്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി വിജയം സ്വന്തമാക്കി.
നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ലഖ്നൗവിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. പുരാൻ 30 പന്തിൽ 75 റൺസും മാർഷ് 36 പന്തിൽ 72 റൺസും നേടി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരും പുറത്തായതോടെ സ്കോറിംഗ് വേഗം കുറഞ്ഞ ലഖ്നൗവിനെ, അവസാന നിമിഷം ഡേവിഡ് മില്ലർ നടത്തിയ വെടിക്കെട്ടാണ് 200 കടത്തിയത്. മില്ലർ 19 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിന് 2 വിക്കറ്റ് ലഭിച്ചു
മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 7 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായ അവരെ ക്യാപ്ടൻ അക്ഷർ പട്ടേലും വൈസ് ക്യാപ്ടൻ ഫാഫ് ഡുപ്ലെസിയും ചേർന്നാണ് കരകയറ്റിയത്. ക്ഷമാപൂർവ്വം ബാറ്റ് വീശിയ ഇരുവരും പുറത്തായ ശേഷം വന്ന ബാറ്റ്സ്മാന്മാർ ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. 31 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്ന ഇംപാക്ട് പ്ലെയർ അശുതോഷ് ശർമ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. വിപ്രജ് നിഗം 15 പന്തിൽ 39 റൺസും ട്രിസ്റ്റൻ സ്റ്റബ്സ് 22 പന്തിൽ 34 റൺസും നേടി. ലഖ്നൗവിന് വേണ്ടി ശാർദുൽ ഠാക്കൂർ, ദിഗ്വേഷ് റാഠി, മണിമാരൻ സിദ്ധാർത്ഥ്, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.