ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയ്ക്ക് മുന്നോടിയായി പുതിയ സ്റ്റാറ്റിക് സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. രാജ്യത്ത് ഉടനീളം ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ വെക്സ്ഫോർഡിലെ ഗോറിയിലുള്ള R772, കോർക്കിലെ ഫാർണനസിലെ N22 എന്നിവിടങ്ങളിൽ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങും.
അവധിക്കാലത്ത് വലിയ തിരക്കാണ് രാജ്യത്തെ റോഡുകളിൽ അനുഭവപ്പെടാറുള്ളത്. പലപ്പോഴും ഇത് വലിയ യാത്രാക്ലേശം ആളുകളിൽ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. റോഡുകളിൽ നിശ്ചിത വേഗതയിൽ മാത്രമേ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ. ഈ വേഗത പരിധി കടന്നുവെന്ന് കണ്ടെത്തിയാൽ ഫിക്സ്ഡ് ചാർജ് നോട്ടീസ് മുഖേന നടപടി സ്വീകരിക്കും. നിലവിലെ ഫിക്സ്ഡ് ചാർജ് നോട്ടീസ് പ്രകാരം 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് നിയമലംഘകർക്ക് ശിക്ഷയായി ലഭിക്കുക.

