തിരുവനന്തപുരം : ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ പെൻഷൻ തുക കൂട്ടാൻ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള പെൻഷൻ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനാണ് മുൻ ഗണനയെന്നും ബാലഗോപാൽ പറഞ്ഞു.
ക്ഷേമപെൻഷന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞത് അന്നത്തെ സാഹചര്യം അനുസരിച്ചുള്ള കാര്യങ്ങളാണ്. അതിനു ശേഷമാണ് സാമ്പത്തിക ഉപരോധം പോലെയൊന്ന് കേന്ദ്രസർക്കാരിൽ നിന്ന് വന്നത് . അത് കുറച്ച് ബാധിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ ഉൾപ്പെടെ പറഞ്ഞ കാര്യങ്ങൾ നടത്താനുള്ള ശ്രമം ഉണ്ടാകും.
എന്നാൽ ഇത്രയും വെട്ടിക്കുറവ് വരുമെന്ന് ആരും കരുതിയില്ല. ഇത്രയും ശ്വാസം മുട്ടിച്ചിട്ടും പിടിച്ചു നിൽക്കുന്ന കേരളം ഇനിയും കൂടുതൽ മെച്ചപ്പെട്ട തരത്തിൽ മുന്നോട്ട് പോകും . ജി എസ് ടി നഷ്ടപരിഹാരം തുടരുകയോ, വെട്ടിക്കുറച്ച തുക ലഭിക്കുകയോ ചെയ്താൽ കൂട്ടാൻ തടസമില്ല.- മന്ത്രി പറഞ്ഞു.
ഓരോഘട്ടത്തിലും വികസനത്തിന്റെ കാര്യമായാലും , തൊഴിലിന്റെ കാര്യമായാലും , സാമൂഹ്യക്ഷേമത്തിന്റെ കാര്യമായാലും പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ഇരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. കേരളത്തെ മുന്നോട്ട് നയിക്കാൻ പാകത്തിലുള്ളതാകും ഈ വർഷത്തെ ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു.