തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഒപ്പം നിർത്താൻ സിപിഎം. ഇതുസംബന്ധിച്ച് നിർണായക ചർച്ചകൾ ദുബായിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ . മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചകൾക്ക് മുൻകൈയെടുക്കുന്നത്.
കൊച്ചിയിൽ നടന്ന മഹാപഞ്ചായത്തിൽ തന്നെ അവഗണിച്ചതിൽ തരൂർ അതൃപ്തനാണ്. ഇതിനിടയിലാണ് ചർച്ചകൾ നടക്കുന്നത്. തരൂർ ഇന്ന് ഉച്ചകഴിഞ്ഞ് ദുബായിലെത്തി. ഇന്ന് വൈകുന്നേരം വ്യവസായിയുമായി അദ്ദേഹം ചർച്ച നടത്തും
തരൂരുമായി അടുത്ത വൃത്തങ്ങളും ഈ വാർത്ത തള്ളിക്കളയുന്നില്ല. ജനുവരി 27 ന് തലസ്ഥാന നഗരത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പാനൽ യോഗം ചേരും. തരൂർ അതിൽ പങ്കെടുക്കാൻ സാധ്യതയില്ല. തരൂരിനെ കോൺഗ്രസിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സിപിഎമ്മിൽ നിന്നുള്ള ഈ നീക്കം. മഹാപഞ്ചായത്തിൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേരുകൾ പരാമർശിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
എന്നാൽ തരൂരിന്റെ പേര് രാഹുൽ ഒഴിവാക്കി. തരൂർ അതിൽ അതൃപ്തനായിരുന്നു. എന്നാൽ, പ്രസംഗത്തിന് മുമ്പ് ലഭിച്ച പട്ടികയിൽ തരൂരിന്റെ പേര് ഇല്ലായിരുന്നു. അതുകൊണ്ടാണ് പേര് പരാമർശിക്കാത്തതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത് .എന്നാൽ ഈ വിഷയത്തിൽ ഒരു പൊതുചർച്ചയ്ക്ക് തനിക്ക് താൽപ്പര്യമില്ലെന്നാണ് തരൂരിന്റെ നിലപാട് . തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിലും തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമായി.

