വിശാഖപട്ടണം: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ INS മഹേന്ദ്രഗിരി ഇന്ന് മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം . വിശാഖപട്ടണത്ത് നടന്ന ചടങ്ങിലാണ് ആറാമത്തെ പ്രോജക്റ്റ് 17A തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റായ മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തത് . ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ചു.
മഹേന്ദ്രപർവതശിഖരത്തിന്റെ പേരിലുള്ള ഈ കപ്പൽ, ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണ്. സർക്കാരിന്റെ ആത്മനിർഭർ ഭാരത് സംരംഭത്തിന്റെ ഭാഗമായി “മിഷൻ പ്രൈംഡ്” യുദ്ധ പ്ലാറ്റ്ഫോമായാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയാണ് ഐഎൻഎസ് മഹേന്ദ്രഗിരി സ്വന്തമായി രൂപകൽപ്പന ചെയ്തത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) ആണ് ഇത് നിർമ്മിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയമായാണ് മഹേന്ദ്രഗിരിയുടെ നിർമ്മാണം . രാജ്യത്തിന്റെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇത് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കപ്പലിൽ എട്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ബരാക്-8 ഇടത്തരം ഉപരിതല-വിമാന മിസൈലുകൾക്കായുള്ള 32-വിക്ഷേപണ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

