ആലപ്പുഴ: ഹിന്ദുക്കൾക്കിടയിലെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . നായർ സഹോദരൻമാർ നമ്മുടെ സഹോദരൻമാരാണ്. നമ്മൾ എല്ലാം ഹിന്ദുക്കളാണ്. നമ്മുടെ ചോരയും വിശ്വാസവും ആചാരവും അനുഷ്ഠാനവും എല്ലാം ഒന്നാണ്. ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. വിഭാഗീയത ലോകാവസാനം വരെ നിലനിൽക്കില്ല . സാമൂഹ്യനീതി എല്ലാവർക്കും കിട്ടണം. കിട്ടാതെ വരുമ്പോൾ തുറന്നുപറയേണ്ടി വരും. ജാതിവിവേചനത്തിൽ നിന്നാണ് ജാതി ചിന്ത ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ നടന്ന എസ്എൻ ട്രസ്റ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം രാഷ്ട്രീയ ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്നതല്ല . ഐക്യം എന്നാൽ നായർ-ഈഴവ ഐക്യം മാത്രമല്ലെന്നും, നായാടി മുതൽ നസ്രാണി വരെ ഐക്യം വ്യാപിപ്പിക്കണം . എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മാന്യനും, നിഷ്കളങ്കനുമായ വ്യക്തിയാണ്.
ഐക്യ നീക്കം ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. എനിക്ക് വലിയ പിന്തുണ നൽകിയ ഒരാളാണ് സുകുമാരൻ നായർ. ഈ ഐക്യം കാലത്തിന് ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചപ്പോഴും അദ്ദേഹം അതുതന്നെ പറഞ്ഞു. ഞങ്ങളുടെ ബോർഡ് യോഗം ചില തീരുമാനങ്ങൾ എടുത്തിരുന്നു, അത് ഞാൻ അദ്ദേഹത്തെ അറിയിച്ചു. എൻഎസ്എസ് ഒരു ബോർഡ് മീറ്റിംഗ് നടത്തുമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. പക്ഷേ എൻഎസ്എസ് ബോർഡ് യോഗം ചേർന്നപ്പോഴാണ് ഐക്യം യാഥാർത്ഥ്യമായത്. ഒരാൾ ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ, അത് എടുക്കുന്ന തീരുമാനങ്ങൾ അറിയിക്കേണ്ട ബാധ്യതയുണ്ട്, അതാണ് അദ്ദേഹം ചെയ്തത്.
എസ്എൻഡിപിക്ക് മുസ്ലീങ്ങളോട് ഒരു വിദ്വേഷവുമില്ല. എന്നെ മുസ്ലീം വിരുദ്ധനായി മുദ്രകുത്തി കത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അവർ എന്നെ കത്തിക്കാൻ ശ്രമിച്ചാലും അത് നടക്കില്ല. ഈഴവ സമൂഹത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

