തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ വീണ്ടും പൊട്ടിത്തെറി. നിലവിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് . അഗ്നിശമന സേനയ്ക്ക് അപകടം നടന്നയിടത്തേയ്ക്ക് സുരക്ഷിതമായി അടുക്കാൻ കഴിയുന്നില്ല. അപകടമേഖലയിലേക്ക് കയറാനും മനുഷ്യർക്ക് കഴിയാത്ത സ്ഥലങ്ങളിൽ തീ അണയ്ക്കാനും പ്രത്യേക അഗ്നിശമന റോബോട്ടിനെ ഉടൻ വിന്യസിക്കുമെന്ന് സംസ്ഥാന അഗ്നിശമന സേനാ മേധാവി നിതിൻ അഗർവാൾ പ്രഖ്യാപിച്ചു.
സ്ഥലത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നറിയാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട് . അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി , 40 ലധികം പേർക്ക് പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 23 പേരുടെ നില ഗുരുതരമാണ് . ഇവരിൽ ഒരാൾക്ക് ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ മരണസംഖ്യ ഉയരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ലഡാക്ക് യാത്ര റദ്ദാക്കി രാത്രി തന്നെ തൃശൂരിൽ തിരികെയെത്തുമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു.പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റിയുള്ള ലഭ്യമായ വിവരം നൽകി. യാത്ര മാറ്റി തൃശൂരിലെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

