ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി . ഐപിസി സെക്ഷൻ 465, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു.
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് അനുകൂലമായി രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി മാറ്റിയെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് ഇക്കാര്യങ്ങൾ സുധാകരൻ തിരുത്തിയിരുന്നു. താൻ അല്പം ഭാവന കലർത്തി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയെന്നണ് സുധാകരൻ പറഞ്ഞത്.

