ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ 24 നോ, 25 നോ നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി . ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഹർജി സമർപ്പിച്ചത്.
ഓഗസ്റ്റ് 24 അല്ലെങ്കിൽ 25 തീയതികളിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് വിവരം ലഭിച്ചതായി കെ എ പോൾ കോടതിയെ അറിയിച്ചു. അവരുടെ അഭ്യർഥന മാനിച്ചാണ് കോടതിയെ സമീപിച്ചതെന്നും പോൾ വ്യക്തമാക്കി. മൂന്ന് ആവശ്യങ്ങൾ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ നിയമ ഉപദേഷ്ടാവ് സുഭാഷ് ചന്ദ്രനും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും തമ്മിൽ ഈ വിഷയത്തിൽ മൂന്ന് ദിവസത്തേക്ക് മാധ്യമങ്ങൾ ചർച്ച നടത്തുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഓഗസ്റ്റ് 25 ന് കേസ് കേൾകുമെന്ന് കോടതി അറിയിച്ചു. വർഷങ്ങളായി താൻ യെമനിൽ ജോലി ചെയ്യുകയാണെന്ന് പോൾ പറഞ്ഞു. കെ.എ. പോൾ നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിന്റെ പേരിൽ പണം സ്വരൂപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം തടഞ്ഞു.ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നിമിഷ പ്രിയയുടെ ഭർത്താവ് ടോമിയും മകളും നേരത്തെ ഒമാനിൽ കെ എ പോളിന് സമീപത്തെത്തുകയും ഇവർക്കൊപ്പമുള്ള വീഡിയോകൾ കെ എ പോൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

