തിരുവനന്തപുരം : മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു. പുതുക്കിയ വില ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് നടന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. മിൽമ നേരത്തെ പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം പഠിക്കാൻ വിദഗ്ദ്ധ സമിതിയെയും നിയമിച്ചിരുന്നു. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വില വർദ്ധനവാണ് കമ്മിറ്റി ശുപാർശ ചെയ്തത്. തുടർന്ന് ഫെഡറേഷൻ 4 രൂപ വർദ്ധനവിന് അംഗീകാരം നൽകി.വില വർധിപ്പിച്ചതോടെ ക്ഷീരകർഷകർക്ക് ലിറ്ററിന് 3.35 രൂപ അധികമായി ലഭിക്കും.
. മറ്റ് പാൽ ഉൽപ്പന്നങ്ങളുടെ വിലയും വർദ്ധിക്കുമെന്നാണ് സൂചന . ക്ഷീരകർഷകരെ പിന്തുണയ്ക്കുന്നതിനായി പാൽ വില വർദ്ധിപ്പിക്കണമെന്ന് പ്രാദേശിക യൂണിയനുകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് കാരണം സർക്കാർ നേരത്തെ വില വർദ്ധനവ് അംഗീകരിച്ചിരുന്നില്ല. മിൽമ വീണ്ടും സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് വില വർധിപ്പിക്കാൻ അനുമതി നൽകിയത്.
‘ കടുത്ത വരൾച്ചയും, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പാലിന്റെ വില ഗണ്യമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖല യൂണിയനുകൾക്ക് പാൽ വിൽപ്പനയിൽ നഷ്ടമുണ്ടാകുന്നു. പാൽ ഉദ്പാദന ചിലവ് കൂടിയതും, വരുമാനം കുറഞ്ഞതും ക്ഷീരകർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. അതുകൊണ്ട് ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിന് വില വർധനവ് അനിവാര്യമാണ് ‘ എന്നും മിൽമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

