അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച കോഴഞ്ചേരി സ്വദേശിനി രഞ്ജിത ആർ നായരുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേയ്ക്ക് പോകുമെന്നും , മൃതദേഹം തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്നും അതിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷമേ ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രിയും വ്യോമയാന മന്ത്രിയും അപകട സ്ഥലത്ത് ഉണ്ടെന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ നടക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. രഞ്ജിത മുമ്പ് ഒമാനിൽ നഴ്സായിരുന്നു. രണ്ട് വർഷം മുൻപാണ് യുകെയിലെ ആശുപത്രിയിലേയ്ക്ക് മാറിയത്. നാലു ദിവസത്തെ ലീവിനാണ് രഞ്ജിത നാട്ടിൽ എത്തിയത് . മടങ്ങുന്നതിനായി ബുധനാഴ്ചയാണ് കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയത്.
രഞ്ജിത മുമ്പ് കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. അഞ്ച് വർഷത്തെ അവധി എടുത്താണ് വിദേശത്തേക്ക് പോയത് . പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. അപകടവിവരം അറിഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും എത്തിയതോടെ വീട്ടിൽ ദുഖം തളംകെട്ടി നിൽക്കുന്ന അവസ്ഥയിലാണ്.

