നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ . കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ് . ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ദുൽഖർ സൽമാൻ പങ്കെടുക്കുന്ന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു രാജേഷ് . നിലവിൽ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന.
രാജേഷിന്റെ സുഹൃത്തും പ്രോഗ്രാം ഡയറക്ടറുമായ പ്രതാപ് ജയലക്ഷ്മി ഫേസ്ബുക്കിൽ രാജേഷിന്റെ ആരോഗ്യ വിവരങ്ങൾ പങ്ക് വച്ചിട്ടുണ്ട്. പരിപാടിക്കിടെ കുഴഞ്ഞുവീണ് 20 മിനിറ്റിനുള്ളിൽ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അദ്ദേഹം കുഴഞ്ഞുവീണ ഉടൻ തന്നെ ഹൃദയാഘാതം സംഭവിച്ചതായാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുശേഷം ആൻജിയോപ്ലാസ്റ്റി നടത്തി, നിലവിൽ വെന്റിലേറ്ററിലാണ് രാജേഷ് . അതിനുശേഷം ചെറിയ ചലനങ്ങൾ ഒഴിച്ചാൽ രാജേഷ് പ്രതികരിച്ചിട്ടില്ല. ഈ അവസ്ഥ അദ്ദേഹത്തിന്റെ തലച്ചോറിനെയും ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കരുതുന്നുവെന്നും ‘ പ്രതാപ് പോസ്റ്റിൽ പറഞ്ഞു.
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ – എന്നും പ്രതാപ് പറയുന്നു.

