തിരുവനന്തപുരം: സിപിഎം പുറത്താക്കിയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. മധുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചിരുന്നതിന് പിന്നാലെയാണിത്.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു.
മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി. ജോയ് അഭിപ്രായപ്പെട്ടു. മധുവിനെതിരെ ജോയി നിയമനടപടി സ്വീകരിക്കും. സിവിലായും ,ക്രിമിനലായും കേസ് നൽകും . ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. തന്നെ മധു പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.
പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധുവും നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണെന്നും അതിന് കൂട്ടു നിൽക്കാൻ തനിക്കാവില്ലെന്നും മധു മുല്ലശ്ശേരി പറഞ്ഞു.