കൊച്ചി : ‘ഇന്ദിര ഗ്യാരന്റി ‘ സൗജന്യ ബസ് യാത്ര യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പുകളുമായി കെഎസ്ആർടിസി . പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൃത്യമായി കണക്കാക്കുന്നതിനായി വനിതാ യാത്രക്കാരുടെ വിവരശേഖരണം ആരംഭിക്കാൻ തീരുമാനമായി. ഇതിനായി നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റിംഗ് രീതി നിലവിൽ വരും.
കെഎസ്ആർടിസിയിൽ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇക്കാര്യം കൃത്യമായി പാലിക്കുന്നതിന് എല്ലാ ഡിപ്പോകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.നിലവിൽ പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് പുതിയ നീക്കം.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഇതിനായുള്ള സോഫ്റ്റ്വെയർ മാറ്റങ്ങൾ മെഷീനുകളിൽ വരുത്തിക്കഴിഞ്ഞു. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർക്കായിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതല.
സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുക ആണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി കോൺഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കും എന്നത്.

