തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തേ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
എറണാകുളം, ഇടുക്കി, തൃശ്ശുർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഡിസംബർ 4 വരെ നിരോധിച്ചു.
മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 2 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെയും വയനാട്ടിലെയും ഇടുക്കിയിലെയും അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.