കണ്ണൂർ : അതീവ സുരക്ഷാ ജയിലിൽ നിന്ന് ചാടിയ സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദചാമിയെ പൊലീസ് പിടികൂടി. അരകിലോമീറ്റർ അകലെയുള്ള തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
രാവിലെ ഓഫീസിൽ പോകാനിറങ്ങിയ വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ ആദ്യം കണ്ടത് . സംശയം തോന്നി പിന്തുടരുകയും, ഗോവിന്ദചാമി എന്ന് വിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.ഉടൻ കണ്ണൂർ ടൗൺ പൊലീസിന് വിവരം നൽകി. 5 മിനിറ്റിൽ പൊലീസ് എത്തി.
കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ കറുത്ത പാന്റ്സ് ധരിച്ചിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. കൃത്യമായ പദ്ധതിയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വന്നത്. എന്നാൽ, പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി രക്ഷപെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.
കണ്ണൂർ നഗരത്തിന് പുറത്തും, കോഴിക്കോടും, ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തി. ട്രെയിനിൽനിന്ന് സൗമ്യ എന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി തമിഴ്നാട്ടിലെ വിരുദാചലം സ്വദേശിയാണ്. ചാർലി തോമസ് എന്ന ഗോവിന്ദചാമി മോഷണം ഉൾപ്പെടെ തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണ്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ രക്ഷപെട്ടത്.കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന

