ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കാണാതായി. അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന Su-30 ജെറ്റ്, കർബി ആംഗ്ലോങ് ജില്ലയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് . യുദ്ധവിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഗുവാഹത്തിയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ PRO പറഞ്ഞു.
“ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI വിമാനം കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം, വൈകുന്നേരം 7:42 നാണ് അവസാനമായി ബന്ധപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്, കൂടാതെ തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.” ഇന്ത്യൻ വ്യോമസേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പോസ്റ്റ് ചെയ്തു
റാഫേലിന് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശക്തമായ യുദ്ധവിമാനമാണ് സുഖോയ് -30MKI. വ്യോമ പ്രതിരോധം, ആക്രമണം, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. സുഖോയ് യുദ്ധവിമാനങ്ങൾ 2002 ലാണ് ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്.
1996 ൽ ഇന്ത്യ റഷ്യയുമായി സുഖോയ്ക്കായി കരാറിൽ ഒപ്പുവച്ചു. വിമാനങ്ങളുടെ ആദ്യ ബാച്ച് 1997 ൽ ഇന്ത്യയ്ക്ക് കൈമാറി. നൂതന സുഖോയ് വിമാനങ്ങൾ 2002 ലാണ് ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. ഈ യുദ്ധവിമാനങ്ങൾ സുഖോയിയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) ചേർന്നാണ് സംയുക്തമായി നിർമ്മിക്കുന്നത്.

