തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത് ഇത് എട്ടാം തവണയാണ്. അദ്ദേഹം നിലവിൽ സസ്പെൻഷനിലാണ്. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടീസ് നൽകിയത്.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ. ജയതിലകിനെതിരെ ആരോപണം ഉന്നയിച്ചതിന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. കൃഷി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ജയതിലകിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പ്രശാന്ത് പോസ്റ്റിട്ടിരുന്നു . തന്റെ ഉത്തരവനുസരിച്ച് ഫയലുകളും റിപ്പോർട്ടുകളും കുറിപ്പുകളും എഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചുവെന്ന് പ്രശാന്ത് ആരോപിച്ചു. വെളിപ്പെടുത്തലുകൾ നടത്തുന്നത് തുടരുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചിരുന്നു.
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യവുമായിരുന്നു

