കോഴിക്കോട്: മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച അഞ്ച് വയസുകാരിയുടെ ശരീരത്തിൽ ആകെ 13 മുറിവുകളുണ്ടെന്ന് ചികിത്സിച്ച ഡോക്ടർമാർ. ഇതിൽ നാലും നെറ്റിയിൽ വളരെ ആഴത്തിലുള്ളതായിരുന്നു.കാലുകൾ, ചുണ്ടുകൾ, മുഖം, തോളുകൾ എന്നിവിടങ്ങളിലായിരുന്നു മറ്റ് മുറിവുകൾ. തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ മസ്തിഷ്കത്തിലേക്ക് വൈറസ് അതിവേഗം പടർന്നതാകാം ആൻറിവൈറൽ മരുന്നിൻ്റെ പ്രവർത്തനം തടഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിൻ്റെ മകൾ സിയ ഫാരിസ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് സിയയുടെ മുറിവുകൾ കഴുകിയത്. കുട്ടിക്ക് ഐഡിആർവി വാക്സിൻ നൽകിയെങ്കിലും വൈറസ് പടരാതിരിക്കാനുള്ള സുപ്രധാന ഇമ്യൂണോഗ്ലോബുലിൻ താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയതിന് ശേഷമാണ് ഇആർഐജി നൽകിയതെന്ന് ഡോക്ടർമാർ പറഞ്ഞു. കൃത്യമായ പരിചരണം നൽകിയ ശേഷം മാർച്ച് 29 ന് കുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

