തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ എസ് എസ് സുപ്രീം കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളി. ക്ഷേത്രങ്ങളിൽ ആരെ പ്രവേശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളാണെന്ന എൻഎസ്എസിന്റെ വാദത്തെ ബോർഡ് എതിർത്തു. ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു സിംഗ്വി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ നിർണായകമായ എട്ട് പേജുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.
പൊതു ക്ഷേത്രങ്ങളിൽ ജാതിയോ വർഗ്ഗമോ അടിസ്ഥാനമാക്കിയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ജാതിയും വർഗ്ഗവും അടിസ്ഥാനമാക്കിയുള്ള വിവേചനം അംഗീകരിക്കാനാവില്ല. അതുപോലെ, ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ സ്ഥലത്തെ ആചാരങ്ങൾ പാലിക്കാൻ ഉത്തരവാദികളാണെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ, യുവതികൾക്ക് പ്രവേശന വിലക്ക് അനിവാര്യമാണെന്നും അത് മാറ്റരുതെന്നും പറഞ്ഞ ദേവസ്വം ബോർഡ് അയ്യപ്പന്റെ ബ്രഹ്മചര്യത്തെക്കുറിച്ചും വാദം ഉന്നയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച, എൻഎസ്എസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ കോടതിയിൽ വിവാദപരമായ വാദം ഉന്നയിച്ചിരുന്നു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആ സമുദായം എടുക്കണമെന്ന് വാദത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അന്ന് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി.വി. നാഗരത്ന ഈ വാദത്തോട് വിയോജിച്ചു. ഇപ്പോൾ, ദേവസ്വം ബോർഡും എൻഎസ്എസിന്റെ ഈ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

