ന്യൂഡൽഹി ; പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷ നിലപാട്. സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ പിഴവു പറ്റിയെന്ന് എ.വിജയരാഘവനും ബംഗാളിൽനിന്നുള്ള ചില അംഗങ്ങളും നിലപാടെടുത്തതായാണു സൂചന. കെ.കെ.ശൈലജയെ മട്ടന്നൂരിൽനിന്നു പേരാവൂരിലേക്ക് മാറ്റിയതുൾപ്പെടെയുള്ള തീരുമാനങ്ങൾ പാളിയെന്നും വിലയിരുത്തി
ആരെ പ്രതിപക്ഷനേതാവ് ആക്കണമെന്ന വിഷയം പിബിയിൽ ചർച്ച ചെയ്തില്ല. എന്നാൽ, പി.എ.മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന് അനൗപചാരിക ചർച്ചകളിൽ പരാമർശമുണ്ടായപ്പോൾ പിബിയിലെ ചെറുപ്പക്കാരുൾപ്പെടെ എതിർത്തെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.
തിരഞ്ഞെടുപ്പ് മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി അഭിപ്രായപ്പെട്ടതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പിണറായി മൽസരിക്കാതെ പ്രചാരണ നായകനായി നിന്നാൽ മതിയായിരുന്നുവെന്നു പലരും പറഞ്ഞു. പിണറായിയല്ല മുഖ്യമന്ത്രിസ്ഥാനാർഥിയെന്നും മാറ്റത്തിനു തയാറെന്നുമുള്ള സന്ദേശം നൽകിയിരുന്നെങ്കിൽ തിരിച്ചടിയുടെ ആഘാതം കുറയുമായിരുന്നുവെന്നും വാദമുയർന്നു.
തനിക്കോ ഭരണത്തിനോ എതിരായ വികാരമല്ല ഫലത്തിൽ പ്രതിഫലിച്ചതെന്നു പിബിയിൽ പിണറായി വാദിച്ചു. അതിനോടു യോജിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വർഗശത്രുക്കളുടെ ഒത്തുചേരലാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും പറഞ്ഞു.
2011 ൽ ബംഗാളിൽ ഭരണം പോയപ്പോൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യ ഉന്നയിച്ചതരം ന്യായീകരണങ്ങളായിരുന്നു പിണറായിയുടേതെന്ന് യോഗത്തിൽ പങ്കെടുത്തവരിൽ ചിലർ സൂചിപ്പിച്ചു. ബുദ്ധദേവിനെതിരെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉന്നയിച്ച വിമർശനങ്ങളോട് യോജിച്ചവരുടെ കൂട്ടത്തിലായിരുന്നു അന്ന് പിണറായി.
പാർട്ടിയിൽനിന്നു പലരും അകന്നുപോകുന്ന സാഹചര്യം ഉണ്ടായി . അകന്നവരെ അനുനയിപ്പിക്കാൻ ശ്രമം തുടരണമെന്നും അഭിപ്രായമുയർന്നു. പാർട്ടിക്കുള്ളിൽ അമിതമായ മുസ്ലിം സ്വാധീനമെന്ന വ്യാജ പ്രചാരണവും ശക്തമായയതായി പി ബിയിൽ അഭിപ്രായം ഉയർന്നു.

