ചെന്നൈ ; തമിഴ്നാട് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി വിജയ് സർക്കാർ . വിശ്വാസ പ്രമേയത്തിന്മേൽ സഭയിൽ നടന്ന വോട്ടെടുപ്പിൽ, ആകെ 144 എംഎൽഎമാർ ടിവികെയെ പിന്തുണച്ചു. 22 എംഎൽഎമാർ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. 5 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 171 അംഗങ്ങൾ പങ്കെടുത്ത വിശ്വാസവോട്ടെടുപ്പിൽ വിജയ് അതിവേഗമാണ് ഭൂരിപക്ഷം ഉറപ്പിച്ചത്.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ്, മുഖ്യമന്ത്രി വിജയ് തമിഴ്നാട് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സഖ്യകക്ഷികളും ടിവികെ സർക്കാരിന് പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയിരുന്നു. എന്നാൽ , എഐഎഡിഎംകെ വിജയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് എഐഎഡിഎംകെ മേധാവി ഇപിഎസ് വ്യക്തമാക്കിയിരുന്നു .
വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡി എം കെ അംഗങ്ങൾ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസം നേടിയതോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം തുടരാനാകും.
1967 ലും 1977 ലും സാധാരണക്കാരുടെ ഭരണം പോലെ, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജനങ്ങൾ വലിയ മാറ്റം കൊണ്ടുവന്നുവെന്ന് വിശ്വാസവോട്ടെടുപ്പിന് ശേഷം വിജയ് പറഞ്ഞു . പാർട്ടി ആരംഭിച്ച് വെറും മൂന്ന് വർഷത്തിനുള്ളിൽ, തമിഴ്നാട് വെട്രി കഴകം 1.72 കോടി വോട്ടുകൾ (34.92%) നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നതിൽ അഭിമാനമുണ്ട്. ഇത് ഒരു ന്യൂനപക്ഷ സർക്കാരാണ് – ന്യൂനപക്ഷ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു സർക്കാർ. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, സർക്കാർ ജീവനക്കാർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയുള്ള സർക്കാരാണിതെന്നും വിജയ് പറഞ്ഞു.

