കൊല്ലം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ജയിലിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനു കൊല്ലം വിജിലൻസ് കോടതി സ്റ്റാറ്റ്യൂട്ടറി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് വാസുവിന് ജാമ്യം ലഭിച്ചത്.
90 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ജാമ്യം തേടി വാസു കോടതിയെ സമീപിച്ചത്. ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ പ്രതികളിൽ അഞ്ച് പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്റ്റാറ്റ്യൂട്ടറി ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറേണ്ട വാതിൽ ഫ്രെയിമുകൾ സ്വർണ്ണം പൂശിയതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ 2019 ഫെബ്രുവരി 16 ന് ബോർഡിന് നൽകിയ കത്തിൽ പറയുന്നു. ഇത് തിരുത്തി ചെമ്പ് ഷീറ്റുകളാക്കി മാറ്റി. ഇതാണ് വാസുവിനെതിരെ നിർണായ തെളിവായി മാറിയത്.
സ്വർണ്ണം പൂശിയ ഷീറ്റുകൾ പോറ്റിക്ക് ചെമ്പായി കൈമാറാനുള്ള ഗൂഢാലോചനയിൽ വാസുവിന് പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വാസുവിന്റെ ശുപാർശ പ്രകാരമാണ് ഷീറ്റുകൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത്. 2019 ഫെബ്രുവരി 26 ന് വാസു നൽകിയ കത്ത് മാർച്ച് 19 ന് ചേർന്ന ബോർഡ് യോഗം അംഗീകരിക്കുകയും ഷീറ്റുകൾ പോറ്റിക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.
അതനുസരിച്ച്, ദേവസ്വം സെക്രട്ടറി എസ് ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണ ഷീറ്റുകൾ കടത്തിയത്. ശബരിമലയിലെ സ്വർണ്ണ ഷീറ്റുകൾ ആദ്യം ചെമ്പ് ആയി രേഖപ്പെടുത്തിയിരുന്നതായി അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിൽ പറയുന്നുണ്ട്. പിന്നീട് ദ്വാരപാലക വിഗ്രഹ പാളികളുടെ കാര്യത്തിലും സമാനമായ തട്ടിപ്പ് ആവർത്തിച്ചു.

